ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിന് തയാറാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി. യുപിയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരുന്നത് തടയാൻ ഒന്നിച്ചുപ്രവർത്തിക്കണം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല. ഇപ്പോൾ തന്നെ ചർച്ചകൾ നടത്തണമെന്നും ഒവൈസി പറഞ്ഞു
മൊറാദാബാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപാർട്ടികളും പരസ്പരം മത്സരിച്ച് വോട്ടുകൾ ഭിന്നിപ്പിച്ച് പോകരുത്. തങ്ങളുടെ പോരാട്ടം ഒരു മതത്തിനും എതിരെയല്ലെന്നും മറിച്ച് നീതിക്കും ആത്മാഭിമാനത്തിനും സമത്വത്തിനും വേണ്ടിയാണെന്നും ഹൈദരാബാദ് എംപി കൂടിയായ ഒവൈസി വ്യക്തമാക്കി.
ഒവൈസിയുടെ സഖ്യആഹ്വാനത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല രംഗത്തെത്തി. അഖിലേഷ് യാദവും ഒവൈസിയും പ്രീണന രാഷ്ട്രീയത്തിൽ മത്സരിക്കുന്നവരാണ്. തെരഞ്ഞെടുപ്പിലെ നേട്ടത്തിനായി ഇരുവരും ഭായ്ജാൻ സഹകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. 2027ലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.